തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയാണ് സർവ്വകലാശാലകളുടെ ചാൻസലറായി തുടരാൻ തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ അതേ മുഖ്യമന്ത്രി തന്റെ സംശയങ്ങൾക്ക് മറുപടി പറയാൻ തയ്യാറല്ലെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്കുളള ഉത്തരം ഉറപ്പായും ലഭിക്കണം. മുഖ്യമന്ത്രി അയച്ച മന്ത്രിമാർക്ക് പോലും ഉത്തരം നൽകാൻ സാധിക്കുന്നില്ല. താൻ പിന്നെ ആരോടാണ് കാര്യങ്ങൾ ചോദിക്കേണ്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
കലാമണ്ഡലം ചാൻസലർ ശമ്പളം ചോദിച്ചതിൽ തെറ്റില്ല. സൗജന്യ സേവനം ചെയ്യേണ്ട ആവശ്യമില്ലെന്നും അവരുടെ ആവശ്യത്തെ പിന്തുണയ്‌ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ കലാമണ്ഡലം ചാൻസലറായിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ചാൻസലർ എന്ന നിലയിൽ തനിക്ക് ശമ്പളം നൽകേണ്ടതില്ലെന്നും പുറത്തുനിന്നുള്ള ആളെ നിയമിക്കുമ്പോൾ അതല്ല സ്ഥിതിയെന്നും ഗവർണർ കൂട്ടിച്ചേർത്തു.