സൗരയൂഥത്തിലെ വാതകഭീമൻ ഗ്രഹങ്ങളിൽ ഒന്നാണ് നെപ്റ്റിയൂൺ. സൂര്യനിൽ നിന്ന് ദൂരം കൂടിയതും വാതകഭീമന്മാരിൽ നാലാമത്തേതുമാണ് ഈ ഗ്രഹം. ഗണിതശാസ്ത്ര പ്രകാരം കണ്ടെത്തിയ ഒരേയൊരു ഗ്രഹമാണ് നെപ്റ്റിയൂൺ. കണ്ടുപിടിച്ചതിന് പിന്നാലെ ഇതുവരെ ഒരുവട്ടം മാത്രമാണ് ഗ്രഹത്തിന് സൂര്യനെ ചുറ്റാൻ കഴിഞ്ഞിട്ടുള്ളൂ. 2011 ജൂലൈ 13-നായിരുന്നു ഇത്. ഭൂമിയിലെ ഒരു വര്‍ഷത്തിന്റെ കണക്കെടുക്കുമ്പോള്‍ സൂര്യനെ ഒന്നു ചുറ്റിവരാന്‍ നെപ്റ്റിയൂണിന് 164.79 വര്‍ഷം വേണ്ടിവരും. അതായത് നെപ്റ്റിയൂണിന്റെ ഒരു വര്‍ഷം നമ്മുടെ 164.79 വര്‍ഷമെന്ന് ചുരുക്കം.
165 വർഷമാണ് സൂര്യനെ ചുറ്റാൻ നെപ്റ്റിയൂണിന് ആവശ്യമായിട്ടുള്ളത്. 1846-ലാണ് സൗരയൂഥത്തിലെ എട്ടാമനായി നെപ്റ്റിയൂണിനെ കണ്ടെത്തിയത്. ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ഉർബെയ്ൻ ലെ വെറിയർ മറ്റ് ഗ്രഹങ്ങളുടെ ചലനങ്ങളിലെ ക്രമക്കേടുകൾ ശ്രദ്ധിച്ചതിന് പിന്നാലെയാണ് നെപ്റ്റിയൂണിനെ കുറിച്ചുള്ള വിവരം ശാസ്ത്രലോകത്തിന് ലഭ്യമായത്. യുറാനസിന് പുറത്ത് എട്ടാമത്തെ ഗ്രഹം പതിയിരിക്കുന്നതായി അദ്ദേഹം കണക്കാക്കി.
ലെ വെറിയറുടെ കണക്കുകൂട്ടലുകൾ ഉപയോഗിച്ച് ബെർലിൻ ഒബ്‌സർവേറ്ററിയിലെ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജോഹാൻ ഗാലെ 1846 സെപ്റ്റംബർ 23-ന് പുതിയ ഗ്രഹം കണ്ടെത്തി. നെപ്റ്റിയൂണും സൂര്യനും തമ്മിൽ ഏകദേശം 2.8 ബില്യൺ മൈൽ, അതായത് 4.5 ബില്യൺ കിലോമീറ്റർ ദൂരമാണുള്ളത്. ഭൂമിയേക്കാൾ 30 മടങ്ങ് അകലെയാണ് നെപ്റ്റിയൂൺ ഗ്രഹം. സൂര്യനിൽ നിന്ന് വളരെ ദൂരയായതിനാൽ യുറാനസ്, നെപ്റ്റിയൂൺ ഗ്രഹങ്ങൾ തണുപ്പേറിയ ഗ്രഹങ്ങളാണ്.
വലുപ്പത്തിൽ നാലാമതാണ് നെപ്റ്റിയൂൺ. ഭൂമിയുടെ പിണ്ഡത്തെക്കാൾ 17 ഇരട്ടിയാണ് നെപ്റ്റിയൂണിന്റെ പിണ്ഡം. വെള്ളം, ദ്രാവക രൂപത്തിലുള്ള അമോണിയ, മീഥെയ്ൻ എന്നിവ അടങ്ങിയ മിശ്രിതം അടങ്ങിയ പാറകൾ കൊണ്ട് നെപ്റ്റിയൂണിന്റെ കാമ്പ് നിർമ്മിച്ചിരിക്കുന്നത്. വെള്ളത്തിന് പുറമേ മീഥെയ്‌നാണ് നെപ്റ്റിയൂണിന് നീല നിറം നൽകുന്നത്. ശനിയ്‌ക്ക് സമാനമായി നെപ്റ്റിയൂണിനും വളയങ്ങളുണ്ട്. എട്ട് ഉപഗ്രഹങ്ങളും ഉണ്ട്. മൈനസ് 220 ഡിഗ്രിയാണ് നെപ്റ്റിയൂണിലെ താപനില. റോമൻ പുരാണങ്ങളിലെ സമുദ്രത്തിന്റെ ദേവനായ നെപ്റ്റിയൂണിന്റെ പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് നൽകിയിരിക്കുന്നത്. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്നുമാണ്.















