തിരുവനന്തപുരം : തലസ്ഥാനത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി. 45 ഓളം പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റി. നിരവധി വീടുകൾ വെള്ളത്തിലാണ്. ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തമ്പാനൂർ, മണക്കാട്, പുത്തൻപാലം, ഉള്ളൂർ, വെള്ളായണി, ഈഞ്ചക്കൽ, ചാക്ക, പേട്ട ഉൾപ്പെടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വിവിധ റോഡുകളിലാണ് വെള്ളം കയറിയത്. ഇതോടെ ഗതാഗതവും ജനജീവിതവും താറുമാറായി. ചാക്ക എയർപോർട്ട് റോഡിലും സമീപജനവാസ മേഖലയിലും വെള്ളം കയറി. ആമയിഴഞ്ചാൻ തോട് പലമേഖലയിലും കരകവിഞ്ഞ് ഒഴുകുകയാണ്.