ലഖ്നൗ: ടേം പരീക്ഷകള്‍ക്ക് ഉഴപ്പി നടന്ന് കൊല്ല പരീക്ഷയ്‌ക്ക് മാര്‍ക്ക് വാങ്ങി പാസാകുന്ന പോലൊരു ഓസ്‌ട്രേലിയയുണ്ടായിരുന്നു.അവർ എവിടെയെന്നാണ് ആരാധകരുടെ ചോദ്യം.പ്രതാപ കാലത്തെ കങ്കാരുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ പാറ്റ് കമ്മിന്‍സിന്റെ ഇന്നത്തെ നിര അവരുടെ നിഴല്‍ പോലുമാകില്ലെന്ന് ചരിത്രം പറയും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലെ അഞ്ചുതവണ ലോകചാമ്പ്യന്മാരായവരുടെ അവസ്ഥ. നെതര്‍ലന്‍ഡിനും പിന്നില്‍ പത്താം സ്ഥാനം. കടലാസില്‍ സെമിയില്‍ സ്ഥാനം ഉറപ്പിച്ച് വന്നവര്‍ക്ക് പക്ഷേ കളത്തില്‍ അടിതെറ്റുന്നതാണ് കണ്ടത്. വമ്പന്‍ പേരുകാരുള്ള ബാറ്റിംഗ്‌നിര ടീം സ്‌കോര്‍ 200 കടത്താന്‍ പാടുപെടുകയാണ്.
കളിച്ച രണ്ടു മത്സരങ്ങളിലും ഇതിന് സാധിച്ചിരുന്നില്ല. ചെന്നൈയില്‍ ഏഴുവിക്കറ്റിന് ഇന്ത്യയോട് തോറ്റ ടീം ലക്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 134 റണ്‍സിന്റെ കനത്ത പരാജയമാണ് വഴങ്ങിയത്.ഓപ്പണര്‍ മിച്ചല്‍ മാര്‍ഷില്‍ നിന്ന് തുടങ്ങുന്ന പ്രശ്‌നങ്ങള്‍ക്ക് ബൗളര്‍ മിച്ചര്‍ സ്റ്റാര്‍ക്കിലും പരിഹാരമാവുന്നില്ല. മറ്റൊരു വെല്ലുവിളി ചോരുന്ന കൈകളാണ്. ആറു ക്യാച്ചുകളാണ് നിലത്തിട്ടത്. ഇതില്‍ ചെപ്പോക്കിലെ വിരാട് കോഹ്ലിയുടെ ക്യാച്ചായിരുന്നു ഏറ്റവും മൂല്യമേറിയത്. അന്ന് വിജയമാണ് ഓസ്‌ട്രേലിയ കൈവിട്ടത്.
40-കാരാണ് ടീമിലധികവും ഉള്ളത്. വയസില്‍ അല്ല റണ്‍സില്‍. ഇതുവരെ ആര്‍ക്കും ഒരു അര്‍ദ്ധ സെഞ്ച്വറി പോലും കടക്കാനായില്ല എന്നത് മറ്റൊരു കൗതുകം. വാര്‍ണറും സ്മിത്തും ലംബുഷെയ്‌നും ഗ്രീനും ഫിനിഷര്‍ മാക്‌സ് വെല്ലും ബാറ്റിംഗ് മറന്നതുപോലെയാണ് കളിക്കുന്നത്. ഒരു കാലത്ത് പോണ്ടിംഗും ഗില്‍ക്രിസ്റ്റും ഹെയ്ഡനും സൈമണ്‍സും മാര്‍ക്ക് വോയും സ്റ്റീവോയും അരങ്ങുവാണിരുന്ന ബാറ്റിംഗ് നിരയാണ് ഇന്ന് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്നത്.
മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, ആദം സാംപ എന്നിവരടങ്ങുന്ന ലോകോത്തര ബൗളിംഗ് നിരയ്‌ക്ക് റണ്ണൊഴുക്ക് തടയാനേ ആവുന്നില്ല. പരിക്കേറ്റ അലക്‌സ് ക്യാരി ടീമിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്തകള്‍ ശുഭ സൂചനയാണെങ്കിലും പരിഹരിക്കാതെ നീളുന്ന വലിയ പ്രശ്‌നങ്ങളാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ വലിയ ദൗര്‍ബല്യം.
ഏകദിന ലോകകപ്പില്‍ ആദ്യ ജയം തേടിയാണ് ഇന്ന് ഓസ്‌ട്രേലിയയും ശ്രീലങ്കയും ഇറങ്ങുന്നത്. ലങ്കയോടും തോറ്റാല്‍ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് അവസാനിക്കും.നായകന്‍ ദുസന്‍ ഷനക പരിക്കേറ്റ് പുറത്തായതോടെ കുശാല്‍ മെന്‍ഡിസാവും ലങ്കയെ നയിക്കുക. ലോകകപ്പില്‍ ഏറ്റുമുട്ടിയ പതിനൊന്ന് കളിയില്‍ എട്ടിലും ജയിച്ച?ത് ഓസീസാണെങ്കിലും ഇപ്പോഴത്തെ ഫോമില്‍ അതിന് സാധിക്കുമോ എന്നുള്ളത് കണ്ടുതന്നെ അറിയണം. പക്ഷേ ഇപ്പോഴും കങ്കാരുകള്‍ തിരിച്ചുവരവിനുള്ള കരുത്തുണ്ടെന്ന് പറയുന്നവരും ചുരക്കമല്ല. അതിനവര്‍ തിരിച്ചുവരവുകളുടെ ഒരിപിടി കഥകളും നിരത്തുന്നു.