ടെൽ അവീവ്: പാലസ്തീൻ ഭീകരസംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലി വനിതാ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.
അഷ്ഡോഡിൽ നിന്നുള്ള ഹോം ഫ്രണ്ട് കമാൻഡിലെ കമാൻഡറായ ലെഫ്റ്റനന്റ് ഓർ മോസസ് (22), ബോർഡർ പോലീസ് ഓഫീസർ ഇൻസ്പെക്ടർ കിം ഡോക്രാക്കർ എന്നിവർ ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇരുവരും ഡ്യൂട്ടിക്കിടെയാണ് കൊല്ലപ്പെട്ടത്. ഇതുവരെ 286 സൈനികരും 51 പോലീസ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ വ്യക്തമാക്കി.
ഏകദേശം 1,300ഓളം പേരാണ് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഇവരുടെ കുടുംബാംഗങ്ങളെയും ബന്ദികളായി കഴിയുന്നവരുടെ ഉറ്റവരെയും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിക്കുകയും സമാധാനപ്പെടുത്തുകയും ചെയ്തിരുന്നു. 3,600 ഇസ്രായേലികൾ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. 150-200 പേർ ബന്ദികളായി ഗാസയിൽ കഴിയുന്നുണ്ടെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി അറിയിക്കുന്നത്. ഇവരെ വിട്ടുകിട്ടാനുള്ള പരിശ്രമത്തിലാണ് ഇസ്രായേൽ.















