നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് വാട്‌സ്ആപ്പ്. ഇതിൽ വരുന്ന മെസേജുകൾ നോക്കിയാകും നമ്മിൽ പലരും ഒരു ദിവസം തുടങ്ങുന്നത് തന്നെ. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനുകളിൽ മുൻ നിരയിലാണ് വാട്‌സ്ആപ്പിന്റെ സ്ഥാനം. ഇതുകൊണ്ട് തന്നെ വ്യാജ സന്ദേശങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും വാട്‌സ്ആപ്പ് വഴി വൻ തോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇനി വ്യാജ സന്ദേശങ്ങൾ ആദ്യം കൈമാറുന്നതാരാണോ അവർക്ക് പണികിട്ടുമെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ഇലക്ഷൻ സമയത്തെ വ്യാജ പ്രചരണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇതില്ലാതാക്കാൻ സർക്കാർ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ സന്ദേശങ്ങൾ ആരൊക്കെ പങ്കുവെച്ചു, ആരാണ് ആദ്യം പങ്കുവെച്ചത് തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ വാട്‌സ് ആപ്പ് തയ്യറാകണം. ഇത് വ്യവസ്ഥയിൽ കൊണ്ടുവരുന്ന നിയമങ്ങൾ സർക്കാർ പ്രാബല്യത്തിൽ കൊണ്ടു വരുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഇതിനെതിരെ ഇപ്പോൾ മെറ്റയും രംഗത്തെത്തിയിരിക്കുകയാണ്. ഇത് സ്വാകാര്യത ലംഘനമാണെന്നും രണ്ട് വ്യക്തികൾ തമ്മിലുള്ള ആശയവിനിമയങ്ങൾ കമ്പനി പോലും നിരീക്ഷിക്കുന്നില്ലെന്നും കമ്പനിക്ക് അത് ലഭ്യമല്ലെന്നുമാണ് മെറ്റയുടെ വാദം. എന്നാൽ ഇത് വാട്‌സ്ആപ്പിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് ബാധകമല്ലെന്നും വ്യാജ സന്ദേശങ്ങൾ കൈമാറുന്നവരെ പൂട്ടാനുള്ള നീക്കമാണിതെന്നുമാണ് സർക്കാരിന്റെ വിശദീകരണം.