അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ 2028-ൽ നടക്കാൻ പോവുന്ന ഒളിമ്പിക്‌സിൽ ട്വന്റി-20 ക്രിക്കറ്റിനെയും ഉൾപ്പെടുത്തിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുംബൈയിൽ നടന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ശേഷമാണ് ഒളിമ്പിക്‌സിൽ ഇനി ക്രിക്കറ്റും ഉൾപ്പെടുത്തുമെന്ന ചരിത്രപരമായ തീരുമാനമുണ്ടായത്. ഐഒസി പ്രസിഡൻറ് തോമസ് ബാച്ചാണ് യോഗത്തിന് ശേഷം വിവരം അറിയിച്ചത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിനായി രാജ്യത്തെ ക്രിക്കറ്റ് പ്രേമികളും കായിക താരങ്ങളും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രഖ്യാപനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നേതൃത്വത്തിലായിരുന്നു ക്രിക്കറ്റിനെ ഒളിമ്പിക്‌സിലെ ഇവന്റായി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നത്. തീരുമാനം ക്രിക്കറ്റിന്റെ ചരിത്രത്തിൽ പ്രധാന നാഴികക്കല്ലാണെന്ന് ഐസിസി ചെയർമാൻ ഗ്രെഗ് ബാർകെ പറഞ്ഞു. ടി-20 ക്രിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി തങ്ങൾ മനസിലാക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ 2028-ൽ യുഎസിലേക്ക് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നതായും ബാർകെ വ്യക്തമാക്കി.
അഞ്ച് പുതിയ കായിക ഇനങ്ങളാണ് 2028-ലെ ഒളിമ്പിക്സിൽ അവതരിപ്പിക്കുന്നത്. ഇക്കൂട്ടത്തിലാണ് ക്രിക്കറ്റിനും അനുമതി ലഭിച്ചിരിക്കുന്നത്. ക്രിക്കറ്റിന് പുറമേ ബേസ്‌ബോൾ, ഫ്‌ളാഗ് ഫുട്‌ബോൾ, സ്‌ക്വാഷ്, ലാക്രോസ് എന്നിവയാണ് ഒളിമ്പികസിലെ മറ്റ് പുതിയ കായിക ഇനങ്ങൾ.