തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. മഴ മുന്നറിയിപ്പ് ഉളളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.
രണ്ട് ചക്രവാതച്ചുഴിയും അറബിക്കടലിന് മുകളിലുളള ന്യൂനമർദ്ദവുമാണ് മഴ ശക്തമാകാൻ കാരണം. തെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തോട് ചേർന്ന് ലക്ഷദ്വീപിന് മുകളിലും തമിഴ്നാട് തീരത്തിന് മുകളിലുമാണ് ചക്രവാതച്ചുഴികളുള്ളത്. കേരള തീരത്തോടു ചേർന്ന അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തിൽ ബുധനാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാം. ഇത് വടക്കുപടിഞ്ഞാറേക്ക് നീങ്ങി തീവ്രന്യൂനമർദ്ദമാകുമെന്നാണ് നിഗമനം.
ന്യൂനമർദ്ദം കേരളതീരത്തോട് ചേർന്ന് കൂടുതൽ സമയം നിലനിന്നാൽ സംസ്ഥാനത്ത് ഇപ്പോൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ മഴ പെയ്യാൻ ഇടയുണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരുകയാണ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.















