ലണ്ടൻ: മുൻ രാജാവിന്‌റെ പ്രതിമയിൽ ചവിട്ടിക്കയറി പാലസ്തീൻ പതാക നാട്ടി ഹമാസ് അനുകൂലികൾ. ലണ്ടൻ നഗരഹൃദയമായ ട്രഫൽഗർ സ്‌ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന ചാൾസ് ഒന്നാമന്റെ പ്രതിമയിലാണ് പാലസ്തീൻ പതാക സ്ഥാപിച്ചത്. ജോർജ് നാലാമന്റെ പ്രതിമയിൽ ഗ്രാഫിറ്റി പതിപ്പിച്ചതായും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച ലണ്ടനിൽ നടത്തി പാലസ്തീൻ അനുകൂല പ്രകടനത്തിനിടെയാണ് സംഭവം.
ലണ്ടനിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ട്രഫൽഗയർ സ്‌ക്വയർ. ചരിത്രപരമായ പ്രാധാന്യമുള്ള സ്‌ക്വയർ ബ്രിട്ടീഷ് ഭരണകൂടവുമായി ബന്ധപ്പെട്ട വിവിധ നിർണായക സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. ഇവിടെ സ്ഥാപിച്ചിരുക്കുന്ന മുൻ രാജക്കന്മാരുടെ പ്രതിമയിലാണ് പാലസ്തീൻ അനുകൂലികൾ അതിക്രമം കാട്ടിയത്.
വിഷയത്തിൽ ബ്രിട്ടൺ ഇസ്രായേലിന് ഒപ്പമാണെന്ന് വ്യക്തമാക്കിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ലണ്ടനിൽ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ ആയിരങ്ങളെ അണിനിരത്തി മാർച്ച് നടത്തിയത്. ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തിയതിന് പിന്നാലെ നഗരത്തിൽ ആഘോഷ പ്രകടനങ്ങൾ നടന്നിരുന്നു.
ഇസ്രായേലിനൊപ്പമാണ് ബ്രിട്ടൺ നിലകൊള്ളുന്നതെന്ന് പാർലമെന്റിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിലെ ജൂത സമൂഹത്തെ അഭിസംബോധന ചെയ്യാൻ താൻ ആഗ്രഹിക്കുന്നു. ഇസ്രായേലിനെ ഇപ്പോൾ പിന്തുണയ്‌ക്കുന്നത് പോലെ തുടർന്നും രാജ്യം പിന്തുണയ്‌ക്കും. ജൂത സമൂഹത്തിന്റെ മാതൃഭൂമിയായ ഇസ്രായേലിനെ എന്നന്നേക്കുമായി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുനക് സഭയിൽ പറഞ്ഞു.















