കൊച്ചി: കേരളത്തിൽ റെയിൽവേ ലൈനുകളുടെ വളവ് നിവർത്തൽ ഒരു വർഷം കൊണ്ട് പൂർത്തിയാകുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാർ പി.കെ കൃഷ്ണദാസ്. വളവ് നിവർത്തലും സിഗ്നൽ സംവിധാനം ആധുനികവത്കരിക്കലും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. ഇതിനായി ലിഡാർ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. വൈകാതെ തന്നെ റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിക്കും. അതോടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു.
‘ട്രാക്കുകളിലെ വളവ് നിവർത്താൻ റെയിൽവേയുടെ സ്ഥലത്തിന് പുറമേ ആവശ്യമായി വരുന്ന സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട ചിലവ് റെയിൽവേ തന്നെ മുടക്കുന്നതാണ്. പ്രാഥമിക ഘട്ടങ്ങൾക്കായി 250 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആവശ്യമനുസരിച്ച് കൂടുതൽ തുക അനുവദിക്കും. വളവ് നിവർത്തൽ പൂർത്തിയാകുന്നതോടെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കേരളത്തിൽ 160 കി.മീ വേഗതയിൽ ഓടുകയെന്ന ലക്ഷ്യം കൈവരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.















