സച്ചിൻ തെണ്ടുൽക്കറോ വിരാട് കോഹ്ലിയോ ആരാണ് മികച്ച ബാറ്റർ ! പലപ്പോഴും ക്രിക്കറ്റ് ആരാധകർക്കിടയിൽ ഈ ചർച്ച കടന്നുവരാറുണ്ട്.
ചെറുപ്പത്തിലെ ക്രിക്കറ്റിലേക്ക് കടന്നു വന്ന ഇരുവരും പലർക്കും പ്രചോദനമായി മാറിയിട്ടുണ്ട്. സച്ചിന്റെ പല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ് വിരാട് കോഹ്ലി. എന്നാൽ സച്ചിൻ തെണ്ടുൽക്കറെക്കാൾ മികച്ച ബാറ്റർ വിരാട് കോഹ്ലിയാണെന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജ.
എകദിനത്തിൽ സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ ഇനി കോഹ്ലിക്ക് ഇനി 3 സെഞ്ച്വറികൾ മതി. വിരാടിനെ പോലൊരു താരം ഇന്ത്യൻ ടീമിലില്ലെന്നും ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന താരമാണ് കോഹ്ലിയെന്നും ഫോക്‌സ് ക്രിക്കറ്റ് പങ്കിട്ട വീഡിയോയിൽ ഖവാജ പറയുന്നു.
ഏകദിന മത്സരങ്ങളിലെ ഇരുവരുടെയും പ്രകടനം പരിശോധിച്ചാൽ വിരാട് ആണ് മികച്ച താരമെന്ന് ഞാൻ പറയും. കുറച്ച് മത്സരങ്ങളിൽ നിന്ന് പുതിയ റെക്കോർഡുകൾ കണ്ടെത്തുകയാണ് വിരാട്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗം 10000 റൺസ് തികക്കുന്ന താരം, ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം, സെഞ്ച്വറി നേടുന്ന താരം എന്നിങ്ങനെയുളള റെക്കോർഡുകൾക്ക് ഉടമയാണ് വിരാട്. സ്‌കോർ പിന്തുടരുമ്പോൾ വിരാട് വേഗത്തിൽ റൺസ് കണ്ടെത്തുകയും സഹതാരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാമാണ് വിരാടിനെ മികച്ച ബാറ്ററായി തിരഞ്ഞെടുക്കാൻ കാരണം.
ഏകദിന ലോകകപ്പിൽ വിരാട് കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ രക്ഷകനായത് കോഹ്ലിയാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും അർദ്ധ സെഞ്ച്വറിയുമായി അദ്ദേഹം തിളങ്ങി. പാകിസ്താനെതിരായ മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചെന്നും ഉസ്മാൻ ഖവാജ കൂട്ടിച്ചേർത്തു.