കോട്ടയം: ഈരാറ്റുപേട്ടയിലെ ഭീകരവാദ പ്രവർത്തനം പരാമർശിച്ചുള്ള കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്ന് ബിജെപി. കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തി പ്രാപിക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും അടിയന്തിരമായി കേന്ദ്ര ഇടപെടൽ വേണമെന്നും ആവശ്യപെട്ട് ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി കത്തയച്ചു.
കേന്ദ്രസേനയെ അനിവാര്യമായ ഇടങ്ങളിൽ വിന്യസിപ്പിക്കണം. എസ്പി റിപ്പോർട്ടിൽ ആവശ്യപ്പെടുന്ന പ്രകാരമുള്ള മുൻ കരുതൽ എടുക്കണം. നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മറ്റുപാർട്ടികളിൽ ചേർന്ന് ഭീകരപ്രവർത്തനം തുടരുകയാണെന്നും നടപടി എടുക്കണമെന്നും എൻ ഹരി കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ഭൂമിയിൽ റവന്യൂ ടവർ നിർമ്മിക്കുന്നതിനെതിരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐപിഎസ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ഈരാറ്റുപേട്ട പ്രദേശത്തെ ഭീകരവാദ പ്രശ്നങ്ങളെ സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നത്. ഈരാറ്റുപേട്ടയിൽ മതപരമായ പ്രശ്നങ്ങൾ, തീവ്രവാദ പ്രശ്നങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ നിലനിൽക്കുന്നുണ്ടെന്ന് എസ്പി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ എസ്പി ഈരാറ്റുപേട്ടയെ അപമാനിച്ചുവെന്ന വിചിത്രവാദവുമായാണ് എസ്ഡിപിഐയും വെൽഫെയർ അടക്കമുള്ള സംഘടനകൾ ഇതിനെതിരെ വിമർശനവുമായി രംഗത്തുവന്നത്. സിപിഎമ്മും കോൺഗ്രസും ഇതേ നിലപാട് സ്വീകരിക്കുകയും ഇടത്-വലത് ജനപ്രതിനിധികൾ എസ്പിക്കെതിരെ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എസ്പിയെ പ്രതിക്കൂട്ടിൽ ആക്കാനുള്ള നീക്കങ്ങൾ മത വർഗീയ കക്ഷികൾ സജീവമാക്കുന്നതിനിടയാണ് ഈ റിപ്പോർട്ടിൽ കേന്ദ്രം ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.