ടെൽ അവീവ്: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് ജിഹാദാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേലിന്റെ വിശദീകരണം. ഗാസയിലെ ആശുപത്രി ആക്രമിച്ചത് ഇസ്രായേൽ അല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്‌ഫോടനത്തിന് പിന്നിൽ ഹമാസ് ഭീകരർ തന്നെയാണെന്നും അവർക്ക് പറ്റിയ അബദ്ധത്തിന്റെ ഉത്തരവാദിത്വം ഐഡിഎഫിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. ഹമാസിന്റെ ശക്തികേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, ഭീകരകേന്ദ്രങ്ങൾ എന്നിവ മാത്രമാണ് ഐഡിഎഫ് ലക്ഷ്യമിടുന്നതെന്നും ഇസ്രായേൽ വ്യക്തമാക്കി.
ഗാസയിൽ നിന്നും ഇസ്രായേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് പരാജയപ്പെട്ടതാണ് ഗാസയിലെ ആശുപത്രിയിൽ പതിച്ചതെന്നും ഇതിന് ഉത്തരവാദി ഇസ്ലാമേക് ജിഹാദാണെന്നും നെതന്യാഹു അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസിൽ നിന്നും ലഭിച്ചെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. നമ്മുടെ കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയവർ ഇപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇസ്രായേലിന്റേതുമായി ബന്ധമില്ലാത്തവയാണെന്നും ഐഡിഎഫ് ഒരിക്കലും ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രായേൽ വക്താവ് ഡാനിയേൽ ഹഗാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗാസയിലെ അൽ-അഹ്‌ലി അറബ് ഹോസ്പിറ്ററലിന് നേരെയായിരുന്നു ആക്രമണം.















