ബ്രസൽസ്: ഭീകരാക്രമണത്തെ തുടർന്ന് രണ്ട് സ്വീഡിഷ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ട്യൂണിഷ്യൻ ഭീകരനെ വെടിവെച്ച് കൊന്ന് പോലീസ്. ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീകരനെ പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഭീകരാക്രമണത്തിൽ സ്വീഡിഷ് ഫുഡ്ബോൾ ആരാധകരായ രണ്ട് പേർ കൊല്ലപ്പെടുന്നത്. ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് യൂറോ കപ്പ് യോഗ്യതാ മത്സരവും ഉപേക്ഷിച്ചിരുന്നു. ബെൽജിയം-സ്വീഡൻ മത്സരമാണ് പാതി വഴിയിൽ ഉപേക്ഷിച്ചത്. മത്സരം കാണാനെത്തിയവരെ സുരക്ഷയുടെ ഭാഗമായി സ്റ്റേഡിയത്തിൽ പിടിച്ചിരുത്തുകയും ചെയ്തു. ഭീകരാന്തരീക്ഷം കെട്ടടങ്ങിയതിന് ശേഷമാണ് ഇവരെ പിന്നീട് പുറത്തേക്ക് വിട്ടത്.
അതേസമയം ആക്രമണം നടന്ന ബ്രസൽസിന്റെ സമീപ പ്രദേശത്ത് നിന്ന് തന്നെയാണ് ഭീകരനെ പോലീസിന് കീഴ്പ്പെടുത്താൻ സാധിച്ചത്. ഏറെ നേരത്തെ ഏറ്റുമുട്ടലിനൊടുവിൽ ഭീകരനെ പോലിസ് വധിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.