ഏഷ്യൻ ഗെയിംസിന് പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും പഴങ്കഥയായി ടി20യിലെ യുവരാജ് സിംഗിന്റെ റെക്കോർഡ്. ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറിയെന്ന 16 വർഷം പഴക്കമുളള റെക്കോർഡാണ് റെയിൽവേസിന്റെ മദ്ധ്യനിര ബാറ്റർ അശുതോഷ് ശർമ്മ തിരുത്തി കുറിച്ചത്. റാഞ്ചിയിൽ നടന്ന ടൂർണമെന്റിൽ അരുണാചൽ പ്രദേശിനെതിരായ പോരാട്ടത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. വെറും 11 പന്തിലാണ് അശുതോഷ് അർദ്ധസെഞ്ച്വറി തികച്ച് ചരിത്രത്തിന്റെ ഭാഗമായത്. അർദ്ധസെഞ്ച്വറി തികച്ച അശുതോഷ് 12 പന്തിൽ 8 സിക്സറുകളും ഒരു ഫോറും സഹിതം 54 റൺസാണ് നേടിയത്.
2007ലെ ടി-20 ലോകകപ്പിലാണ് സിക്‌സറുകളിൽ ആറാടി യുവരാജ് സിംഗ് അതിവേഗ അർദ്ധ സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിനെ ഓവറിലെ ആറ് പന്തിലും സിക്‌സർ പറത്തിയ യുവരാജിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആരാധകർ ഒരിക്കലും മറക്കില്ല. എന്നാൽ ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലാണ് ഈ റെക്കോർഡ് തകർന്നത്. നേപ്പാൾ താരം ദീപേന്ദ്ര സിംഗ് എയ്‌രിയാണ് റെക്കോർഡ് തകർത്തത്. മംഗോളിയക്കെതിരായ മത്സരത്തിൽ വെറും ഒമ്പത് പന്തിൽ നിന്നാണ് ദീപേന്ദ്ര സിംഗ് എയ്‌രി 50 കടന്നത്.
മത്സരത്തിൽ 127 റൺസിന് റെയിൽവേസ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ അരുണാചൽപ്രദേശ് 18.1 ഓവറിൽ 119ന് എല്ലാവരും പുറത്തായി.