ലോകകപ്പിൽ നെതർലൻഡിന് ഏറ്റവും ഇഷ്ടമുള്ള ടീമേതാണെന്ന് ചോദിച്ചാൽ ഉത്തരം ദക്ഷിണാഫ്രിക്കയാണെന്നാകും. കാരണം ലോക കാമ്പെയിനിലെ ഓറഞ്ച് പടയുടെ മൂന്ന് വിജയത്തിൽ രണ്ടും ഈ ആഫ്രിക്കൻ വമ്പന്മാരോടാണ്. അതൊരു വല്ലാത്തൊരു ബന്ധമാണ്. അതിനാരു കാരണവുമുണ്ട്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച 5 താരങ്ങളാണ് നിലവിൽ നെതർലൻഡ്‌സ് ടീമിന്റെ ഭാഗമായുളളത്. റോലോഫ് വാൻഡെർ മെർവ്, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, വെസ്ലി ബാരെസി, കോളിൻ അക്കർമാൻ, റയാൻ ക്ലെയിൻ എന്നിവരാണ് നെതർലൻഡ് നിരയിലെ ദക്ഷിണാഫ്രിക്കക്കാർ. ഏകദിനത്തിൽ രണ്ട് രാജ്യങ്ങൾക്കായി കളിക്കുന്ന 15 താരങ്ങളാണ് നിലവിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലുളളത്. ഇന്നലെ ദക്ഷിണാഫ്രിക്കയുടെ പതനത്തിന് കാരണമായ മെർവ് പണ്ട് ദക്ഷിണാഫ്രിക്കക്കാരനായിരുന്നു. 2019-2010 കാലയളവിൽ 13 ഏകദിനങ്ങളലും 13 ടി20യിലുമാണ് മെർവേ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചത്.
2015ലാണ് മെർവിന് നെതർലൻഡ്‌സ് പൗരത്വം ലഭിച്ചത്. 2015-ൽ തന്നെ നേപ്പാളിനെതിരെ ഡച്ചുകാർക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു, 2016ൽ ഇന്ത്യയിൽ നടന്ന ടി-20 ലോകകപ്പിലും മെർവ് നെതർലൻഡ്‌സിന്റെ ഭാഗമായി. 2019ൽ സിംബാബ്വെയ്‌ക്കെതിരെ നെതർലാൻഡിനെതിരെയാണ് മെർവേ തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്. നെതർലൻഡിനായി 2021, 2022 ടി20 ലോകകപ്പുകളിലും താരം കളിക്കളത്തിലെത്തി.
മെർവ് വർഷങ്ങൾക്കു ശേഷം ഏകദിന ലോകകപ്പിൽ അരങ്ങേറിയത് 38ാം വയസ്സിൽ നെതർലൻഡ്‌സിന്റെ ഓറഞ്ച് ജഴ്‌സിയിലാണ്. ഇന്നലെ ധരംശാലയിൽ ഇരു ടീമുകളും ഏറ്റമുട്ടിയപ്പോൾ മെർവിന്റെ പ്രകടനം നെതർലൻഡ്‌സിന് തുണയായി. ഇന്നലെ ആദ്യം ബാറ്റ് കൊണ്ടും പിന്നീട് പന്തുകൊണ്ടുമാണ് മെർവ് ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാഴ്‌ത്തിയത്. ബാറ്റിംഗിനിറങ്ങിയപ്പോൾ ക്യാപ്റ്റൻ സ്‌കോട് എഡ്വേർഡ്‌സിനൊപ്പം തകർത്തടിച്ച് 19 പന്തിൽ 28 റൺസ് നേടി. ബൗളിംഗിനെത്തിയപ്പോഴാകട്ടെ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമയുടെയും റാസി വാൻഡർ ദസ്സന്റെയും നിർണായക വിക്കറ്റുകൾ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്കയെ തളർത്തി. മെർവ് ഉൾപ്പെട്ട ഡച്ച് ടീമാണ് കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയെ ട്വന്റി20 ലോകകപ്പിൽ തോൽപിച്ചത്.
ഐപിഎലിന്റെ തുടക്കകാലത്ത് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിൽ അംഗമായിരുന്ന താരത്തിന് ഇന്ത്യയിലെ പിച്ചുകളെക്കുറിച്ചുള്ള ധാരണയും ലോകകപ്പിനുള്ള തയാറെടുപ്പിനു സഹായകമായി. ശരാശരി പ്രായം 25 മാത്രമുള്ള ഡച്ച് ക്യാംപിലെ വല്യേട്ടനായി ഓരോ നിമിഷവും ആസ്വദിക്കുകയാണ് വാൻഡർ മെർവ്.