കോട്ടയം: ഈരാറ്റുപേട്ടയിലെ ഭീകരവാദ സംഘടനകളുടെ പ്രവർത്തനം ശക്തമെന്ന പോലീസ് റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ. ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനം പരാമർശിച്ചും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് തീവ്രവാദ വിരുദ്ധ പോലീസ് സേനയ്‌ക്ക് പരിശീലനം നൽകണമെന്നും പരാമർശിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
വിഷയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര വകുപ്പിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെടും. ജില്ലയിൽ നേരിട്ട് എത്തി അന്വേഷണം നടത്താനും സാധ്യതയുണ്ടെന്നാണ് സൂചന.
പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ടും, അന്വേഷണം ആവശ്യപ്പെട്ടും ബിജെപി പരാതി നൽകിയിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തി പ്രാപിക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും അടിയന്തരമായി കേന്ദ്ര ഇടപെടൽ വേണം എന്നുമാവശ്യപ്പെട്ടാണ് ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി കഴിഞ്ഞ ദിവസം അമിത്ഷായ്‌ക്ക് കത്തയച്ചത്.