കൊച്ചി: ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള മോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വിവാഹ ബന്ധത്തിലെ ക്രൂരതയായി ഇതിനെ കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. യുവാവ് നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
ഭാര്യക്ക് പാചകം അറിയില്ലെന്നും തനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നുമാണ് ഭർത്താവ് ഹർജിയിൽ പറഞ്ഞത്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹ മോചനം നൽകുന്നതിന് ഇത് മതിയായ കാരണമല്ലെന്ന് ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയുമാണ് ഉത്തരവ്.
2012-ലായിരുന്നു ഇരുവരുടെയും വിവാഹം. ബന്ധുക്കൾക്ക് മുന്നിൽ വച്ച് ഭാര്യ മോശമായി പെരുമാറുന്നെന്നും തന്നെ ബഹുമാനിക്കുന്നില്ലെന്നുമാണ് യുവതിക്കുമേലുളള ഭർത്താവിന്റെ ആരോപണം. 2013-ൽ ഭർതൃവീട് വിട്ടുപോയ യുവതി തനിക്കെതിരെ പോലീസിൽ പരാതി നൽകിയെന്നും ഹർജിയിൽ പറയുന്നു. തന്റെ ജോലി കളയാനായി തൊഴിലുടമയ്ക്ക് ഇ-മെയിൽ അയച്ചതായും ഭർത്താവ് ആരോപിച്ചു. തങ്ങൾക്കിടയിലെ പ്രശ്നം തീർക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചാണ് ഇമെയിൽ അയച്ചതെന്നായിരുന്നു ഭാര്യയുടെ വിശദീകരണം.