ടെൽഅവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ ഐക്യദാർഢ്യം ഉറപ്പിക്കാൻ ബ്രീട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിലെത്തി. രാജ്യതലസ്ഥാനമായ ടെൽഅവീവയിലെത്തിയ ബ്രീട്ടിഷ് പ്രധാനമന്ത്രിയെ ഇസ്രായേൽ പ്രതിനിധി സംഘം സ്വീകരിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് ഉൾപ്പെടെയുളള ഉന്നത നേതാക്കളുമായി ഋഷി സുനക് കൂടിക്കാഴ്ച നടത്തും.
ഇസ്രായേലിനോടുള്ള ബ്രിട്ടന്റെ ഐക്യദാർഢ്യവും സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയും ഋഷി സുനക് വ്യക്തമാക്കും. ഗാസയ്‌ക്ക് സഹായം നൽകുന്നതിനെ കുറിച്ചും ഇസ്രായേലിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികളെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും.
കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിലുണ്ടായ ഭീകരാക്രമണത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി അപലപിച്ചിരുന്നു. നിരപരാധികളായ പാലസ്തീൻ ജനതയെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാനായി ഞങ്ങൾ ഇസ്രായേലിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഋഷി സുനക് വ്യക്തമാക്കിയിരുന്നു. ഹമാസ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ വിയോഗത്തിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.