ആലപ്പുഴ: തിരുവമ്പാടിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. 65 വയസുകാരി ലിസിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊന്നപ്പൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തു. സൗത്ത് പോലീസ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ബെൽ അടിച്ചിട്ടും ദമ്പതികൾ വാതിൽ തുറന്നില്ല. തുടർന്ന് അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയൽവാസികളാണ് പിൻവാതിൽ തുറന്ന് പരിശോധന നടത്തിയത്. വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലിസിയുടെ തലയ്ക്കായിരുന്നു മുറിവ്. കൈ ഞരമ്പും കാൽ ഞരമ്പും മുറിച്ച നിലയിലായിരുന്നു പൊന്നപ്പനെ കണ്ടെത്തിയത്.