ന്യൂഡൽഹി: സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കുന്ന കോൺഗ്രസിനെതിരെ വിമർശനവുമായി സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സഖ്യമില്ലാതെയാണ് കോൺഗ്രസ് മത്സരിക്കുന്നതെന്നും ഇത് മുന്നണി ധാരണകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലക്‌നൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
മദ്ധ്യപ്രദേശ് സീറ്റ് വിഭജനത്തിനായി തങ്ങളുടെ നേതാക്കളെ കോൺഗ്രസ് വിളിച്ചുവരുത്തി. മണിക്കൂറുകളോളം ചർച്ച നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം വിലയിരുത്തി. ശേഷം ആറ് സീറ്റ് എസ്പിക്ക് നൽകാമെന്ന് ഉറപ്പ് ലഭിച്ചു. എന്നാൽ കോൺഗ്രസ് പട്ടിക പുറത്തുവന്നപ്പോൾ തങ്ങൾക്ക് ഒന്നുമില്ല. അഖിലേഷ് യദവ് പറഞ്ഞു.
ഉത്തർപ്രദേശിൽ കോൺഗ്രസിന് സമാനമായ അനുഭവം ലഭിക്കുമെന്നാണ് അഖിലേഷ് യാദവ് നൽകുന്ന മുന്നറിയിപ്പ്. നിലവിൽ മദ്ധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള 22 സ്ഥാനാർത്ഥികളെ സമാജ്‌വാദി പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് അർഹതപ്പെട്ട സീറ്റ് നൽകിയില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അഖിലേഷ് വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരെ അടക്കം ഇറക്കി ബിജെപി കളം നിറയുമ്പോഴാണ് ഇൻഡി മുന്നണിയിലെ തമ്മിലടി. സംസ്ഥാന തലത്തിലെ നേതാക്കളുടെ പടലപ്പിണക്കം കോൺഗ്രസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അഖിലേഷിന്റെ വെല്ലുവിളിയും.