ബെംഗളുരു: ടോസ് നേടി എന്തിന് ബാറ്റിംഗ് ഓസ്ട്രേലിയക്ക് നല്കി എന്നാകും ബാബര്‍ അസം ചിന്തിക്കുക. ഇന്നിംഗ്സ് അവസാനിക്കാന്‍ 15 ഓവറിലേറെ ശേഷിക്കെ പാകിസ്താനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച് ഓസ്ട്രേലിയ കുതിക്കുന്നത് റെക്കോര്‍ഡ് സ്കോറിലേക്ക്. ഓപ്പണര്‍മാര്‍ രണ്ടുപേരും സെഞ്ച്വറി തികച്ച മത്സരത്തില്‍ 35 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഓസീസ് 250 കടന്നു. നാലോവര്‍ പൂര്‍ത്തിയാക്കും മുന്‍പേ പാകിസ്താന്റെ ഹാരീസ് റൗഫും 50 കടന്നു. ഇതുവരെ മാര്‍ഷും വാര്‍ണറും ചേര്‍ന്ന് പാകിസ്താന് ബൗളര്‍മാരെ 15 തവണ ഗ്യാലറിയിലേക്ക് പറത്തി.
അഞ്ചോവര്‍ എറിഞ്ഞ ഉസാമ മിറും കടന്നു അര്‍ദ്ധ സെഞ്ച്വറി. ഇതിനിടെ വാർണറിന്റെയും മാർഷിന്റെയും അടക്കം നിരവധി ക്യാച്ചുകളും പാക് ഫീൾഡര്‍മാർ കൈവിട്ടു. ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്.ഇതേ വേദിയില്‍ 2011ല്‍ ബ്രാഡ് ഹാഡിനും ഷെയ്ന് വാട്സണും ചേര്‍ന്ന് നേടിയ 183 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇരുവരും പഴങ്കഥയാക്കിയത്.
ഗ്രൗണ്ടില്‍ നാലുപാടും ബൗണ്ടറികള്‍ ചിതറിയതോടെ പല റെക്കോര്‍ഡുകളും കടപുഴകി. 33.5 ഓവറിലാണ് പാകിസ്താന്റെ ഒന്നാം വിക്കറ്റ് വീഴ്ത്താന്‍ പാകിസ്താന് കഴിഞ്ഞത്. 108 പന്തില്‍ 121 റണ്‍സെടുത്ത മാര്‍ഷ് ടീം സ്കോര്‍ 259 നില്‍ക്കേയാണ് കൂടാരം കയറിയത്. ഷഹീന് അഫ്രീദിക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ മാക്സ് വെല്ലിനെയും പുറത്താക്കി അഫ്രീദി പാകിസ്താന് അല്‍പ്പം ജീവശ്വാസം നല്കി. 95 പന്തില്‍ 124 റണ്‍സുമായി വാര്‍ണറും റണ്ണൊന്നുമെടുക്കാതെ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.















