അടുത്തിടെ ബാങ്ക് ഓഫ് ബറോഡയിൽ നടന്ന തട്ടിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചാ വിഷയമായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേൾഡ് ആപ്പിൽ ഉപയോക്താക്കളുടെ മൊബൈൽ നമ്പറിന് പകരം ജീവനക്കാരുടെയും ബന്ധുക്കളുടെയും മൊബൈൽ നമ്പർ വ്യാജമായി ഉൾപ്പെടുത്തുകയായിരുന്നു. ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റുമാർ എന്ന് വിളിക്കുന്ന ഏജന്റുമാരാണ് മൊബൈൽ ബാങ്കിംഗ് മുഖേന പണം തട്ടിയത്. ഏകദേശം 22 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇതിന് പിന്നാലെ മൊബൈൽ ബാങ്കിംഗുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്കിടയിൽ വലിയ തോതിലാണ് ആശങ്ക നിലനിൽക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം…
മൊബൈൽ നമ്പർ ലിങ്ക് ചെയ്യുക
ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ മൊബൈൽ നമ്പർ അക്കൗണ്ടുമായും നെറ്റ് ബാങ്കിംഗുമായും ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതോടെ പുതിയ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ കഴിയില്ല.
ബാലൻസ് കാണാൻ കഴിയുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക
പണം പിൻവലിക്കുമ്പോൾ നിങ്ങളുടെ മൊബൈൽ ഫോണിൽ എസ്എംഎസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതും ഫണ്ട് കൈമാറുന്നതും ഉൾപ്പെടെ അക്കൗണ്ടിലെ പണം തത്സമയം കൃത്യമായി അറിഞ്ഞിരിക്കാൻ ശ്രദ്ധിക്കുക.
ഒടിപി പങ്കിടരുത്
ഫോണിൽ ലഭിക്കുന്ന ഒടിപി ആരുമായും പങ്കിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബാങ്ക് ജീവനക്കാരുമായി പോലും പാസ്വേഡ് പങ്കിടരുതെന്നാണ് ആർബിഐ നിർദ്ദേശം.
സംശയാസ്പദമായ ഇടപാടുകൾ
സംശയാസ്പദമായ എന്തെങ്കിലും ഇടപാടുകൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വിവരം ബാങ്കിനെയും സൈബർ പോലീസിനേയും അറിയിക്കുക. ബാങ്കിന്റെ പിഴവിന്റെ പേരിൽ അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുന്ന പണം തിരിച്ചുപിടിക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്.