എറണാകുളം: ചന്ദ്രയാൻ-3 ദൗത്യത്തിലുള്ള ഗവേഷകരുടെ പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. റോവർ പ്രഗ്യാൻ ചന്ദ്രോപരിതലത്തിൽ ഉറങ്ങിപ്പോയെന്നും എന്നാൽ ഉണരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇസ്രോ മേധാവി വ്യക്തമാക്കി. റോവറും ലാൻഡറും ചന്ദ്രോപരിതലത്തിൽ ഉറങ്ങിയാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ലക്ഷ്യം സോഫ്റ്റ് ലാൻഡിംഗ് ആയിരുന്നു. തുടർന്നുള്ള 14 ദിവസം പരീക്ഷണങ്ങൾ നടത്തുകയും വിവരങ്ങൾ ശേഖരിച്ചുവെന്നും ഇസ്രോ മേധാവി ചൂണ്ടിക്കാട്ടി. നിലവിൽ സമാധാനമായി ഉറങ്ങുകയാണ്. നന്നായി ഉറങ്ങട്ടെ ശല്യം ചെയ്യേണ്ട കാര്യമില്ല എന്നും വ്യക്തമാക്കി.
നിലവിൽ ദൗത്യത്തിലൂടെ ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ പര്യവേഷണം ചെയ്യാനുള്ള ശ്രമത്തിലാണ് ഇസ്രോ. ബഹിരാകാശ ഏജൻസിയുടെ ശാസ്ത്രിയ ഡാറ്റാ സെന്ററിലാണ് നിർണായകമായ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റോവറിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കൂടി വീണ്ടും ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.