വിദ്യാർത്ഥിയുടെ തല പിടിച്ച് മരത്തിൽ ഇടിപ്പിച്ചു; അദ്ധ്യാപകനെതിരെ പരാതി; അഞ്ചാം ക്ലാസുകാരൻ ആശുപത്രിയിൽ

Published by
Janam Web Desk

തിരുവനന്തപുരം: അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ തല മരത്തിലിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അയിരൂപ്പാറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപകനാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് തല മരത്തിൽ ഇടിപ്പിച്ചത്.

പരിക്കേറ്റ വിദ്യാർത്ഥി ഛർദ്ദിച്ചതിനെ തുടർന്ന് ആദ്യം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ രക്ഷിതാക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകി.

അതേസമയം രണ്ടാഴ്ച മുമ്പ് ചുമതലയേറ്റ കായിക അദ്ധ്യാപകനാണ് വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയത്. കഴിഞ്ഞ ദിവസം സ്‌കൂളിൽ കലോത്സവത്തിനിടെ കുട്ടികൾ തമ്മിൽ വഴക്കുണ്ടാക്കുന്നത് കണ്ട അദ്ധ്യാപകൻ വിദ്യാർത്ഥിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.

 

Share
Leave a Comment