വാഷിംഗ്ടൺ: മൂന്ന് ചൈനീസ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്ക. ജനറൽ ടെക്നോളജി, ബെയ്ജിംഗ് ലുവോ ലുവോ ടെക്നോളജി ഡെവലപ്മെന്റ് കോ, ചാങ്സോ യുടെക് കോമ്പോസിറ്റ് കമ്പനി എന്നീ കമ്പനികൾക്കാണ് വിലക്ക്. പാക് ബാലിസ്റ്റിക് മിസൈലിന് വേണ്ടിയുള്ള പാർട്‌സുകൾ നിർമ്മിച്ചു നൽകിയതിനാണ് വിലക്ക്. ആഗോള തലത്തിൽ വൻ നാശം വിതയ്‌ക്കാൻ സാധ്യതയുള്ള ആയുധങ്ങളുടെ വ്യാപനം തടയുന്നതിന്റ ഭാഗമായാണ് നിരോധനം.
ഓർഡർ 13382 പ്രകാരം ചൈനീസ് കമ്പനികളെ നിയന്ത്രിക്കുന്നതിന്റ ഭാഗമായി ശക്തമായ നടപടികളാണ് അമേരിക്ക കൈക്കൊണ്ടിരിക്കുന്നത്. മൂന്ന് കമ്പനികൾ പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകൾക്കാവശ്യമായ പാർട്സുകൾ നിർമ്മിച്ചു നൽകിയെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് കണ്ടെത്തുകയായിരുന്നു. റോക്കറ്റ് എഞ്ചിനെ പരസ്പരം ബന്ധിപ്പിക്കുന്ന ബാരോസിംഗ് മെറ്റീരിയലാണ് ജനറൽ ടെക്‌നോളജി നിർമ്മിച്ചു നൽകിയത്. സോളിഡ് പ്രൊപ്പെല്ലിന്റ നിർമ്മാണത്തിന് സഹായിക്കുന്ന സപ്ലൈമാൻഡ്രൽസ് ആണ് ബെയ്ജിംഗ് ലുവോ ലുവോ ടെക്നോളജി നിർമ്മിച്ചു നൽകിയത്. മിസൈൽ ടെക്‌നോളജിക്ക് ആവശ്യമായ ഡി ഗ്ലാസും ക്വാർട്‌സ് ഫാബ്രിക്കും ചാങ്സോ യുടെക് കോമ്പോസിറ്റ് കമ്പനിയും നൽകി.
ആഗോളതലത്തിൽ ബാലിസ്റ്റിക് മിസൈലുകൾക്ക് എതിരെ എടുത്തിരിക്കുന്ന അമേരിക്കൻ നയത്തിന്റ ഭാഗമാണ് കമ്പനികൾക്ക് നിരോധനം. ലോകത്തിന് വിപത്തുണ്ടാക്കുന്ന തരത്തിൽ എവിടെ ആയുധ നിർമ്മാണം നടത്തിയാലും അതിനെ ചെറുക്കുമെന്ന് അമേരിക്ക പറഞ്ഞു. പാകിസ്താനെ പോലെ തീവ്രവാദത്തിന് ഇടം നൽകുന്ന രാഷ്‌ട്രങ്ങളുടെ കയ്യിൽ ബാലിസ്റ്റിക് ടെക്നോളജി ലഭിക്കുന്നത് ലോകത്തിന് ശുഭകരമല്ല. ഇത് കണക്കിലെടുക്കാതെയാണ് ചൈനീസ് കമ്പനികൾ പാകിസ്താനെ സഹായിച്ചത്.















