ജറുസലേം: ഹമാസ് ഭീകരർക്കൊപ്പം ലെബനനിലെ ഹിസ്ബുല്ല ഭീകരരും ഇസ്രായേലിനെതിരെ യുദ്ധത്തിൽ പങ്കുചേർന്നിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹിസ്ബുല്ല. ഇസ്രായേലിനെതിരെ ഭീകരവാദികൾ ഒന്നിക്കാൻ തുടങ്ങിയതോടെ ശക്തമായ താക്കീത് നൽകി രംഗത്തു വന്നിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള നഷ്ടം ഉണ്ടാകുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.
ഇസ്രായേലുമായി യുദ്ധത്തിന് വന്നാൽ, സങ്കൽപ്പിക്കാൻ കഴിയാത്ത നാശം ലെബനനിൽ വരുത്തും. ലെബനനെ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണ് ഹിസ്ബുല്ല. ഇങ്ങനെ വന്നാൽ ലെബനനിന് വലിയം നാശം നേരിടേണ്ടി വരും- എന്നാണ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വടക്കൻ ഇസ്രായേലിലെ ലെബനീസ് അതിർത്തിയിൽ സൈനികരെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു നെതന്യാഹു.
കഴിഞ്ഞ ദിവസം ലെബനനിലെ ഹിസ്ബുല്ല ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ഇസ്രായേൽ പ്രതിരോധ സൈന്യം തകർത്തിരുന്നു. ഇതിനോടകം നിരവധി ഹിസ്ബുല്ല ഭീകരരെ ഇസ്രായേൽ വധിച്ചു കഴിഞ്ഞു. ഇതുവരെ 12-ലധികം ഹിസ്ബുല്ല ഭീകരരെയാണ് ഇസ്രായേൽ വധിച്ചത്.