ന്യൂഡൽഹി: കാനഡയിലെ ഒരു പ്രത്യേക വിഭാഗം രാഷ്‌ട്രീയ പാർട്ടിയാണ് ഭാരതവുമായുള്ള നയതന്ത്ര ബന്ധം തകർക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ആ വിഭാഗത്തിന്റെ നിലപാടുകൾ കാനഡയുടെ വിദേശ നയങ്ങളെ സ്വാധീനിക്കുന്നുണ്ട്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ മുൻനിർത്തിയാണ് വിസ നിയന്ത്രണം നടപ്പാക്കിയതെന്നും എസ്. ജയശങ്കർ പറഞ്ഞു.
‘ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുന്നതെന്ന് നയതന്ത്ര വിദഗ്ധർ സൂചിപ്പിച്ചിരുന്നു. നയരൂപീകരണത്തെ സ്വാധീനിക്കാൻ കഴിയുന്ന രാഷ്‌ട്രീയ വിഭാഗം സ്വാധീനിക്കുന്നതാണ് ഇന്ത്യ കാനഡ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുന്നത്.
ഭാരതവും കാനഡയുമായുള്ള നയതന്ത്ര ബന്ധം പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഭാരതത്തിന്റെ നയതന്ത്ര പ്രതിനിധികൾ കാനഡയിൽ സുരക്ഷിതരല്ല. അവരുടെ സുരക്ഷ ഭാരതത്തിന്റെ പ്രധാന മുൻഗണനയാണ്. ഇക്കാര്യം മുൻനിർത്തിയാണ് വിനിമയത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് ‘- എന്ന് ജയശങ്കർ വ്യക്തമാക്കി.
അതേസമയം വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കാൻ ജസ്റ്റിൻ ട്രൂഡോ സ്വീകരിക്കുന്ന നിലപാടുകളാണ് ഇന്ത്യ കാനഡ ബന്ധം തകർക്കുന്നതെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് എസ് ജയശങ്കറിന്റെ പ്രസ്താവന.















