കൊച്ചി നഗരത്തെ ചെറു മുംബൈ നഗരം ആക്കി മാറ്റിയ സുഹൃത്തുക്കളുടെ കഥ പറയുന്ന ഛോട്ടാ മുംബൈ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മൾ മലയാളികൾ. ഛോട്ടാ മുംബൈ എന്ന സിനിമയുടെ പേര് പോലെ തന്നെ വ്യത്യസ്തമായിരുന്നു അതിലെ കഥാപാത്രങ്ങളുടെ പേരുകളും. ‘തല’യായി ലാലേട്ടൻ എത്തിയപ്പോൾ മുള്ളൻ ചന്ദ്രപ്പന്റെ വേഷം ചെയ്തത് സിദ്ദിഖ് ആയിരുന്നു. പടക്കം ബഷീറായി ജഗതി ശ്രീകുമാർ കൂടെ ചിത്രത്തിലുടനീളം എത്തിയപ്പോൾ പ്രേക്ഷകരിലും ചിരിയുടെ മാലപ്പടക്കമായിരുന്നു പൊട്ടിയിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളിയുടെ മനസിൽ മായാതെ നിൽക്കുമ്പോൾ തല ഗ്യാങ്ങിലെ മറ്റൊരു കണ്ണിയായ സുശീലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിജുക്കുട്ടൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
തലയും ഗ്യാങ്ങും വീണ്ടും എത്തിയിരിക്കുന്നുവെന്ന് ഒരു ലൗ ഇമോജിയിലൂടെ അറിയിച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന് ആരും തെറ്റിദ്ധരിക്കപ്പെടേണ്ടതില്ല. എഐ ടൂൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ തലയേയും, മുള്ളൻ ചന്ദ്രപ്പനെയും, പടക്കം ബഷീറിനെയും, സുശീലനെയും അങ്ങനെ എല്ലാവരെയും കാണാം. സിനിമയിലെ ഒരു ഗാനവും ചേർത്ത് ബിജു കുട്ടൻ ചിത്രങ്ങൾ പങ്കുവച്ചതോടെ നിരവധി ആളുകളാണ് അവരുടെ നൊസ്റ്റാൾജിക് ഓർമ്മകൾ പങ്കു വച്ച് രംഗത്തെത്തിയത്.
അൻവർ റഷീദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഛോട്ടാമുംബൈ. 2007 ഏപ്രിലിൽ പ്രദർശനത്തിനെത്തിയ ഛോട്ടാ മുംബൈ അന്ന് ബോക്‌സോഫീസിലെ ഏറ്റവും വലിയ ജയമായിരുന്നു നേടിയത്. ഇപ്പോഴും ഈ ചിത്രത്തിലെ തമാശ രംഗങ്ങൾ മീം ആയും മറ്റും ഉപയോഗിക്കാറുണ്ട്. മണിയൻ പിള്ള രാജുവാണ് ചിത്രം നിർമ്മിച്ചത്.















