ജൂനിയർ ആർട്ടിസ്റ്റായും വില്ലനായും കോമഡി താരമായും മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ജോജു ജോർജ്. പിന്നീട് മലയാള സിനിമയിലേയ്‌ക്ക് നായകനായുള്ള ജോജുവിന്റെ ചുവടുവെയ്പ്പും ഉജ്ജ്വലമായിരുന്നു. പിന്നീട് നിർമ്മാതാവായും ഗായകനായും മലയാള സിനിമയിൽ തിളങ്ങിയ ജോജു ഇപ്പോഴിതാ സംവിധായകന്റെ തൊപ്പി കൂടി വെയ്‌ക്കുകയാണ്.
ജോജു രചനയും സംവിധാനവും നിർവഹിക്കുന്ന ആദ്യ സിനിമയാണ് പണി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജോജുവിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ജോജു തന്നെയാണ് ചിത്രത്തിൽ നായകനാകുന്നത്. സാഗർ സൂര്യ, ജുനൈസ് എന്നിവരും പണിയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമ, അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. നല്ലൊരു ആക്ഷൻ ത്രില്ലർ ചിത്രം കൂടിയായിരിക്കും പണി. ഗായിക അഭയ ഹിരൺമയിയും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ സീമ, അഭിനയ, ചാന്ദ്‌നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, റിനോഷ് ജോർജ്ജ്, ഇയാൻ & ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.