ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെട്ടുവെന്നും ഭീകരവാദം അതിന്റെ അവസാന ശ്വാസം എടുക്കുകയാണെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റിയിൽപ്പെട്ട ജീവനക്കാർക്ക് അവരുടെ ഭവന ആവശ്യങ്ങൾക്കായി കുറഞ്ഞ നിരക്കിൽ താഴ്‌വരയിൽ ഭൂമി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാതാ ഭദ്രകാളി ക്ഷേത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം മുൻകാലത്തേക്കാൾ മികച്ചതാണ്. തീവ്രവാദം അതിന്റെ അവസാന ശ്വാസം എടുക്കുകയാണ്. എനിക്കിത് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. മുൻകാലങ്ങളിൽ സമൂഹത്തിൽ ഭയം ജനിപ്പിക്കാൻ തീവ്രവാദികൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ, ഇന്നതിന് കുറവ് വന്നിട്ടുണ്ട്. ജമ്മു കശ്മീരിൽ തീവ്രവാദത്തിന്റെ കലം തിളച്ചു മറിയാൻ പാകിസ്താൻ ബോധപൂർവ്വം പരിശ്രമിക്കുകയാണ്’.
‘കശ്മീരി പണ്ഡിറ്റുകളും ന്യൂനപക്ഷങ്ങളും ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പോലീസും സുരക്ഷാ സേനയും ഈ ലക്ഷ്യത്തിനായി അക്ഷീണം പ്രവർത്തിക്കുന്നു. കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് ഭവന ആവശ്യങ്ങൾക്കായി ശ്രീനഗറിൽ സബ്‌സിഡി നിരക്കിൽ ഭൂമി നൽകും. ഇത് ഉടനടി നടപ്പാക്കും’ -മനോജ് സിൻഹ പറഞ്ഞു.















