ശ്രീനഗർ: കശ്മീർ താഴ്‌വരയിലെ ഷോപ്പിയാൻ ജില്ലയെ രജൗരി, പൂഞ്ച് എന്നീ ജില്ലകളുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡിലെ ഗതാഗതം നിരോധിച്ചു. കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായതിനെ തുടർന്നാണ് റോഡ് അടച്ചത്. ജമ്മു കശ്മീരിലെ മിക്ക സ്ഥലങ്ങളിലും ആകാശം മേഘാവൃതമാണ്. ജമ്മു കശ്മീരിലും ലഡാക്കിലും ഒക്ടോബർ 27 വരെ കനത്ത മഴയ്‌ക്കും മഞ്ഞുവീഴ്ചയ്‌ക്കും സാധ്യതയുണ്ടന്ന് അധികൃതർ അറിയിച്ചു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ മഴയും മഞ്ഞുവീഴ്ചയും കാരണം പ്രധാന പാതകളായ ശ്രീനഗർ-ജമ്മു ഹൈവേ, മുഗൾ റോഡ്, ശ്രീനഗർ-ലഡാക്ക് റോഡ് എന്നിവയിലെ ഗതാഗതം രണ്ട് ദിവസത്തേക്കാണ് നിരോധിച്ചിരിക്കുന്നത്.















