ബീജിംഗ്: ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടുമായി ചൈന. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഇത് ആദ്യമായാണ് ചൈന ഹമാസിനെതിരെ പരസ്യ നിലപാട് എടുക്കുകയും, ഇസ്രായേലിനെ പിന്തുണച്ചും രംഗത്തെത്തിയത്. ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹനുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.
എല്ലാ രാജ്യങ്ങൾക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അന്താരാഷ്‌ട്ര നിയമങ്ങൾ പാലിച്ചും, സാധാരണക്കാരെ സംരക്ഷിച്ചുമാകണം മുന്നോട്ട് പോകേണ്ടതെന്നും വാങ് യി പറഞ്ഞതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് തുടക്കമിട്ട ഹമാസ് ഭീകരസംഘടനയ്‌ക്കെതിരെ പോരാടാൻ ഇസ്രായേലിന് എല്ലാ അവകാശങ്ങളും ഉണ്ടെന്ന് ആദ്യമായാണ് ചൈന പ്രസ്താവന നടത്തുന്നത്.
ചൈനയ്‌ക്ക് വിഷയത്തിൽ സ്വാർത്ഥ താത്പര്യങ്ങൾ ഇല്ലെന്നും വാങ് യി പറയുന്നു. ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്. സമാധാനത്തിനുള്ള ഏത് നീക്കത്തേയും ചൈന പിന്തുണയ്‌ക്കും. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നും വാങ് യി പറയുന്നു.
ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി പല രാജ്യങ്ങളും രംഗത്തെത്തിയിരുന്നുവെങ്കിലും, ചൈന നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തി അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്തിരുന്നു. ചൈനയുടെ ഈ നിലപാടിനെതിരെ ഇസ്രായേലും അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു.















