ശ്രീനഗർ : 75 വർഷങ്ങൾക്ക് ശേഷം കശ്മീർ അതിർത്തിയിലെ ശാരദ ക്ഷേത്രത്തിൽ നവരാത്രി വിളക്കുകൾ തെളിഞ്ഞു . നീലം എന്നറിയപ്പെടുന്ന കിഷൻഗംഗ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . നിയന്ത്രണ രേഖയിൽ നിന്ന് കുറച്ച് അകലെ ടിറ്റ്വാൾ എന്ന സ്ഥലത്തിനടുത്താണ് ക്ഷേത്രം. കുപ്വാരയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണിത്. ഇന്ന് പൂജാദ്രവ്യങ്ങളുമായി ക്ഷേത്രത്തിലെത്തിയ കശ്മീരി പണ്ഡിറ്റുകളിൽ പലരും സന്തോഷത്താൽ കണ്ണുകൾ തുടയ്ക്കുന്നത് കാണാമായിരുന്നു.
വിഭജനത്തിന് ശേഷം ആദ്യമായാണ് കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി വിളക്കുകൾ തെളിയുന്നത് . 1947-ൽ ഗോത്രവർഗക്കാരുടെയും പാകിസ്താൻ ഭീകരരും മൂലം ഈ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു.2300 വർഷം പഴക്കമുള്ള ഈ ശാരദാപീഠം പുനരുജ്ജീവിപ്പിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു.
താഴ്വരയിൽ നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്ര പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി ഈ വർഷം മാർച്ചിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു.
ബിസി 237 ൽ അശോക ചക്രവർത്തി ഈ ക്ഷേത്രം പണികഴിപ്പിച്ചതാണെന്ന് പറയപ്പെടുന്നു. ഈ പീഠം മൂന്ന് ശക്തികളുടെ സംഗമസ്ഥാനം കൂടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒരുകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു ശാരദാപീഠം. ശൈവ-വൈഷ്ണവ വിഭാഗങ്ങളുടെ പിതാക്കൻമാരായ ആദിഗുരു ശങ്കരാചാര്യരും ആചാര്യ രാമാനുജാചാര്യരും ഇവിടെ താമസിച്ചിരുന്നതായി പറയപ്പെടുന്നു.പാക് അധീന കശ്മീരിലെ നീലം നദീതടത്തിൽ ശാരദാപീഠത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ചിതറിക്കിടക്കുന്നുവെന്നാണ് വിശ്വാസം.