സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡായി നിൽക്കുന്ന ഗാനമാണ് കാവാലയ്യ.. നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ചിത്രത്തിന്റെ വിജയത്തിൽ ഈ ഗാനത്തിനും നല്ലൊരു സ്ഥാനമുണ്ട്. ഗാനത്തിന്റെ ഡാൻസ് സ്‌റ്റെപ്പുകളും വളരെ ശ്രദ്ധേയമായിരുന്നു. ഗാനത്തിന്റെ സ്റ്റെപ്പുകൾ റീൽസുകളിലടക്കം ശ്രദ്ധേയമായിരുന്നു. ഗാനത്തിന് നിരവധി വിമർശനങ്ങളും കിട്ടിയിരുന്നു. ഇപ്പോഴിതാ വിമർശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ മൻസൂർ അലിഖാൻ.
മൻസൂർ അലി ഖാൻ അഭിനയിച്ച സരകു എന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഈ വേളയിലാണ് അദ്ദേഹം ജയിലറിലെ ഗാനത്തെ വിമർശിച്ച് സംസാരിച്ചത്. സരകു സിനിമയിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തതിൽ നിരാശയുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ജയിലർ സിനിമയ്‌ക്ക് ബാധകമല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ജയിലർ സിനിമയിലെ കാവലയ്യ എന്ന ഗാനത്തിൽ തമന്ന അവതരിപ്പിക്കുന്ന ഹൂക്ക് സ്റ്റെപ്പുകൾ വളരെ മോശമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മോശം രംഗങ്ങൾ സെൻസർ ബോർഡ് അംഗീകരിക്കുന്നതിന്റെ അർത്ഥം മനസിലാകുന്നില്ലെന്നും നടൻ പറഞ്ഞു. ഗാനത്തെ വിമർശിച്ചുകൊണ്ടുള്ള മൻസൂർ അലി ഖാന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് നടനെതിരെ ഉയരുന്നത്.
പലപ്പോഴും തന്റെ അതിരുവിട്ട പ്രതികരണത്തിൽ വിവാദത്തിലാകുന്ന താരം കൂടിയാണ് മൻസൂർ അലി ഖാൻ. മലയാളമടക്കം മിക്ക തെന്നിന്ത്യൻ ഭാഷകളിലും മൻസൂർ അലി ഖാൻ അഭിനയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്‌ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ ഒരു പ്രധാന വേഷത്തിൽ മൻസൂർ അലി ഖാൻ എത്തുന്നുണ്ട്. ലോകേഷിന്റെ കൈതിയിലും അദ്ദേഹം ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തിരുന്നു.















