കൊച്ചി: ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ യുവാവിന്റെ നില അതീവ ഗുരുതരം. കോട്ടയം സ്വദേശിയായ രാഹുലാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. രാഹുലിന്റെ രക്ത സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന ഫലം ഉടൻ ലഭിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് രാഹുൽ കാക്കനാടുള്ള ഹോട്ടൽ ഹയാത്തിൽ നിന്നും ഷവർമ്മ വാങ്ങിക്കഴിച്ചത്. ഓൺലൈനായാണ് യുവാവ് ഷവർമ്മ വാങ്ങിയത്. അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.
കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് രാഹുൽ. വീട്ടുകാരുടെ പരാതിയെ തുടർന്ന് തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുൽ ഷവർമ കഴിച്ച ‘ലെ ഹയാത്ത് ‘ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി.