തുടര്‍ തോല്‍വികളില്‍ വലയുന്ന പാകിസ്താന്‍ ടീമിനെ കരകയറ്റാന്‍ മുന്‍ താരങ്ങളുടെ സഹായം തേടി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. അദ്ധ്യക്ഷന്‍ സാക്ക അഷ്റഫ് ആണ് ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയത്. മുഖ്യസെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖിനേയും മുന്‍താരങ്ങളായ അക്വിബ് ജാവേദിനേയും മുഹമ്മദ് യൂസുഫിനേയും നേരില്‍ കണ്ട് സഹായം തേടിയത്. ലാഹോറിലാണ് ചര്‍ച്ചകള്‍ നടത്തിയത്.
വസീം അക്രം, വഖാര്‍ യൂനിസ്, സഖ്ലെയ്ന്‍ മുഷ്താഖ്, ഉമര്‍ ഗുല്‍ എന്നിവരുടെയും സഹായം തേടാനാണ് സാക്ക അഷ്റഫിന്റെ തീരുമാനം. ലോകകപ്പില്‍ സെമിയിലെത്തി മുഖം രക്ഷിക്കാനുളള തയ്യാറെടുപ്പാണ് പിസിബി ഇപ്പോള്‍ നടത്തുന്നത്. പ്രാദേശിക മാദ്ധ്യമങ്ങളില്‍ മിക്ക മുന്‍താരങ്ങളും പാകിസ്താന്‍ ടീമിനെ താറടിച്ചിരുന്നു.
‘മുന്‍ താരങ്ങള്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ നോക്കൗട്ട് സ്‌റ്റേജുകളില്‍ പരിചയസമ്പത്തുള്ള ഇതിഹാസങ്ങളാണ്. ഇവരുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനും അത് ഇപ്പോഴുള്ള താരങ്ങളുടെ ഗെയിമില്‍ വിനിയോഗിച്ച് അവരുടെ മത്സര ശേഷി ഉയര്‍ത്താനുമാണ് ശ്രമിക്കുന്നത്. ഗെയിമിന്റെ എല്ലാ വിഭാഗങ്ങളിലും മികച്ച താരങ്ങളെ ഭാവിയില്‍ വളര്‍ത്തിയെടുക്കാനും ഇവരുടെ സേവനം കൊണ്ട് സാധിക്കും’- അഷ്‌റഫ് പറഞ്ഞു.















