തിരുവനന്തപുരം: വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മേഖലകളിൽ വവ്വാലുകൾക്ക് നിപ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുൻ വർഷങ്ങളിലേ അതേ വൈറസാണ് ഈ വർഷവും സ്ഥിരീകരിച്ചിരിക്കുന്നത്.
വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കുന്നതിന് വേണ്ടിയാണ് ഐസിഎംആർ ഇക്കാര്യം അറിയിച്ചതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. വയനാട്ടിലെ വവ്വാലുകളിൽ നിപ സാന്നിദ്ധ്യം ഉള്ളതായാണ് ഐസിഎംആർ അറിയിച്ചിട്ടുള്ളത്. കൂടുതൽ പരിശോധനകൾ ഈ മേഖലയിൽ നടത്തിയതിനെ തുടർന്നാണ് കണ്ടെത്തൽ.
പ്രദേശത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതു ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഗുരുതര ശ്വാസകോശ രോഗങ്ങളുമായി എത്തുന്നവർ മുൻകരുതൽ എടുക്കുന്നതിന് ആവശ്യമായ പരിശീലനം എല്ലാ ആരോഗ്യപ്രവർത്തകർക്ക് നൽകുന്നതിനും തീരുമാനമായതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി.















