ഏകദിന ലോകകപ്പിലെ 24-ാം മത്സരത്തിൽ നെതർലാൻഡ്‌സിനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ഐതിഹാസിക വിജയം. 309 റൺസിന്റെ റെക്കോർഡ് ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മാസ്‌ക് വെൽ ഡേവിഡ് വാർണർ എന്നിവർ ബാറ്റുകൊണ്ട് ഡച്ച് ബോളിംഗ് നിരയെ തല്ലി ചതച്ചപ്പോൾ, ആദം സാംപ, മാർഷ് എന്നിവർ ചേർന്ന് ബാറ്റിംഗ് നിരയെ എറിഞ്ഞ് തകർത്തു. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി മാക്‌സ്വെൽ മത്സരത്തിൽ കുറിച്ചു. വിജയത്തിലൂടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ താരതമ്യേന മന്ദഗതിയിലാണ് ബാറ്റ് വീശിയത്. നാലാം ഓവറിൽ ഒൻപത് റൺസുമായി മിച്ചൽ മാർഷ് മടങ്ങി. എന്നാൽ സ്മിത്തുമായി ചേർന്ന് വാർണർ ഓസിസ് സ്‌കോർ ബോർഡ് ചലിപ്പിച്ചു. പിന്നാലെ എത്തിയവരും കൂറ്റനടി തുടർന്നതോടെ ഓസ്‌ട്രേലിയ 399 എന്ന റൺമല നെതർലാൻഡ്‌സിന് മുന്നിൽ ഉയർത്തി.
വാർണർ- 104, സ്മിത്ത്- 71, മാർനസ്- 62, മാക്‌സ്വെൽ- 106 എന്നിവരാണ് ഓസ്‌ട്രേലിയയ്‌ക്ക് ഈ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 44 പന്തിൽ 106 റൺസ് നേടി വെടിക്കെട്ട് നടത്തിയ മാക്‌സ്വെല്ലിന്റെ പ്രകടനമാണ് ഇതിൽ എടുത്തുപറയേണ്ടത്. നാല് വിക്കറ്റ് നേടിയ ലോഗൻ വാക്ക് ബീഗാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത നെതർലാൻഡ് ബോളർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സിന് 90 റൺസേ ആകെ നേടാൻ സാധിച്ചുള്ളു. 21-ാം ഓവറിൽ ഓൾ ഔട്ടായി. സ്പിന്നർ ആദം സാംപയാണ് നാല് വിക്കറ്റുകൾ വീഴ്‌ത്തി നെതർലാൻഡ്‌സിന്റെ പതനം വേഗത്തിലാക്കിയത്. മാർഷ് രണ്ടും സ്റ്റാർക്, ഹേസൽവുഡ്, കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി. ഓപ്പണർ വിക്രംജിത്ത് സിംഗ് മാത്രമാണ് നെതർലാൻഡ്‌സ് നിരയിൽ 20 റൺസിൽ കൂടുതൽ നേടിയത്.















