ഹൈദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി സൂര്യപേട്ടയിൽ ജനഗർജനസഭയെ അഭിസംബോധന ചെയ്യാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.
ഈ മാസം 22-നാണ് ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കിയത്. 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് 20 പേരും പട്ടികജാതി-പട്ടികവർഗത്തിൽ നിന്ന് 14 പേരും റെഡ്ഡി സമുദായത്തിൽ നിന്ന് 14 പേരും വേലമ സമുദായത്തിൽ നിന്ന് ആറ് പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 12 നിയമസഭാ മണ്ഡലങ്ങളിൽ ജനസേനയാണ് മത്സരിക്കുന്നത്.
നവംബർ 30-നാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 3-നാണ് വോട്ടെണ്ണൽ നടക്കുക. ബിആർഎസ്, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണ് തെലങ്കാന സാക്ഷ്യം വഹിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലുമായി 8.2 കോടി പുരുഷ വോട്ടർമാരും 7.8 കോടി വനിത വോട്ടർമാരും 60.2 ലക്ഷം കന്നി വോട്ടർമാരുമാണ് തെലങ്കാന തിരഞ്ഞെടുപ്പിന് പങ്കാളികളാകുന്നത്















