പുതു തലമുറയിൽ മയക്കുമരുന്നിന്റെ ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോകത്താകമാനം യുവാക്കളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം ശക്തമായിരിക്കുകയാണ്. സ്കൂൾ കുട്ടികൾ പോലും ലഹരിക്കടിമപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ കൊക്കെയ്ൻ അടക്കമുള്ള ലഹരികൾക്ക് അടിമപ്പെട്ടവരെ അതിൽ നിന്ന് മുക്തമാക്കാൻ പല മരുന്നുകളും പരീക്ഷിക്കാറുണ്ട്. ഇപ്പോഴിതാ, കൊക്കെയ്‌നോടുള്ള ആസക്തി കുറയ്‌ക്കാൻ കഴിയുന്ന വാക്സിൻ കണ്ടുപിടിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞൻമാർ.
ബ്രസീലിലെ ശാസ്ത്രജ്ഞന്മാരാണ് മയക്കുമരുന്നിനെതിരെ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. “കാലിക്‌സ്‌കോക്ക” എന്നാണ് ഈ വാക്സിന് പേരിട്ടിരിക്കുന്നത്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ മരുന്ന് നല്ല ഫലങ്ങൾ കാണിച്ചുവെന്നും കൊക്കെയ്‌നിനെ തലച്ചോറിലേക്ക് പ്രവേശിക്കുന്നത് ഇത് തടയുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.
രോഗപ്രതിരോധ ശേഷിയുള്ള കാലിക്‌സ്‌കോക്ക വാക്സിൻ മയക്കുമരുന്നിനോടുള്ള ആസക്തിയിൽ നിന്നും രോഗിയെ മുക്തമാക്കും. ചികിൽസയ്‌ക്ക് അംഗീകാരം ലഭിച്ചാൽ, വാക്സിൻ ഉപയോഗിച്ച് കൊക്കെയ്ൻ ആസക്തി ചികിത്സിക്കുന്നത് ആദ്യമായിരിക്കുമെന്ന് മരുന്ന് കണ്ടുപിടിക്കാൻ നേതൃത്വം നൽകിയ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് മിനാസ് ജെറൈസിലെ സൈക്യാട്രിസ്റ്റ് ഫ്രെഡറിക്കോ ഗാർസിയ പറഞ്ഞു.















