മുംബൈ: 2047-ഓടെ ഭാരതത്തെ വികസിതമാക്കാൻ ജനങ്ങൾ എല്ലാവരും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് ഭാരതത്തിന്റെ മന്ത്രം. മഹാരാഷ്‌ട്രയുടെ വികസനം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ടയിലെ അഹമ്മദ്‌നഗറിൽ 75,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് കേന്ദ്ര സർക്കാർ എപ്പോഴും മുൻഗണന നൽകുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായുള്ള സർക്കാരിന്റെ ബജറ്റും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മഹാരാഷ്‌ട്രയിൽ 1.10 കോടി ആയുഷ്മാൻ കാർഡുകളാണ് നൽകിയത്. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകി.
സായിബാബയുടെ അനുഗ്രഹത്താലാണ് ഇന്ന് 7,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ സാധിച്ചത്. കരിമ്പ് കർഷകരെയും പഞ്ചസാര മില്ലുകളെയും സഹായിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഞങ്ങൾ 70,000 കോടി രൂപയുടെ എത്തനോൾ സംഭരിച്ചു. അഞ്ച് പതിറ്റാണ്ടായി മഹാരാഷ്‌ട്ര കാത്തിരിക്കുന്ന നിലവന്ദേ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. ഇന്ന് ജല പൂജ നടത്താനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു.
മുൻകാലങ്ങളിൽ കർഷകർക്ക് വിളകൾ വിറ്റ് പണം ലഭിക്കാൻ ഏജന്റുമാരെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇന്ന് നമ്മുടെ സർക്കാർ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക കൈമാറുകയാണ് ചെയ്യുന്നത്. 2047-ൽ ഇന്ത്യ ഏറ്റവും വലിയ വികസിത രാഷ്‌ട്രമായി മാറുമെന്നതിൽ സംശയമില്ല. അതിന് വേണ്ടി നമ്മൾ എല്ലാവരും പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കണം’ പ്രധാനമന്ത്രി പറഞ്ഞു.















