വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലും അമേരിക്കൻ സൈന്യം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ പ്രദേശത്തുള്ള യുഎസ് സൈനികരെ ലക്ഷ്യമിടുന്ന നടപടിക്കെതിരെയാണ് ബൈഡൻ ആയത്തുള്ള അലി ഖമേനിയെ നേരിട്ട് ബന്ധപ്പെടുകയും അതൃപ്തി അറിയിക്കുകയും ചെയ്തത്. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. നേരിട്ടുള്ള സന്ദേശമാണെന്ന് പറയുന്നുണ്ടെങ്കിലും, ഏത് രീതിയിലാണ് ഇത് കൈമാറിയതെന്ന കാര്യം വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുള്ള സൈനികർക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് സ്ഥിതിഗതികൾ വഷളാകുന്നത്. തുടർന്ന് പെന്റഗൺ മേഖലയിലെ നിരീക്ഷണം വർദ്ധിപ്പിക്കുകയും, കൂടുതൽ സൈനിക ഉദ്യോഗസ്ഥരെ ഇവിടങ്ങളിൽ വിന്യസിക്കുകയുമായിരുന്നു.
വൈറ്റ് ഹൗസിൽ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും ബൈഡൻ ആയത്തുള്ളയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. തങ്ങളുടെ സൈനികരെ ലക്ഷ്യം വയ്‌ക്കുന്നത് തുടർന്നാൽ അമേരിക്ക ശക്തമായി തന്നെ പ്രതികരിക്കുമെന്നാണ് ആയത്തുള്ള അലിക്ക് മുന്നറിയിപ്പ് നൽകിയത്. ” ആയത്തുള്ളയ്‌ക്ക് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്, ഇനിയും ഞങ്ങളുടെ സൈനികരെ ലക്ഷ്യം വയ്‌ക്കുകയാണെങ്കിൽ ഞങ്ങൾ ശക്തമായി തന്നെ പ്രതികരിക്കും. അതിന് തയ്യാറായിരിക്കണം. ഇസ്രായേലുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും” ജോ ബൈഡൻ പറഞ്ഞു.















