ന്യൂഡൽഹി: സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ സർവീസ് അവതരിപ്പിച്ച് റിലയൻസ് ജിയോ. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യയുടെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ സർവീസായ ജിയോ സ്‌പേസ്‌ഫൈബർ റിലയൻസ് അവതരിപ്പിച്ചത്. ബ്രോഡ്ബാൻഡ് സർവീസ് ലഭിക്കാൻ പ്രയാസമുള്ള ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിൽ ഉയർന്ന സ്പീഡിൽ ഇന്റർനെറ്റ് സർവീസുകൾ ലഭ്യമാക്കുകയെന്നതാണ് ജിയോ സ്‌പേസ്‌ഫൈബർ എന്ന പുതിയ സംവിധാനം കൊണ്ട് റിലയൻസ് ലക്ഷ്യമിടുന്നത്.
ഏതൊരു സാധാരണക്കാരനും താങ്ങാൻ കഴിയുന്ന നിരക്കിൽ ഇന്ത്യയുടെ മുഴുവൻ ഭൂപ്രദേശങ്ങളിലേക്കും ജിയോ സ്‌പേസ്‌ഫൈബർ എത്തുന്നതാണ്. ആദ്യഘട്ടത്തിൽ രാജ്യത്തെ നാല് വിദൂര പ്രദേശങ്ങളിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഗിർ, ഛത്തീസ്ഗഡിലെ കോർബ, ഒഡിഷയിലെ നബ്രംഗ്പൂർ, അസമിലെ ഒഎൻജിസി-ജോർഹട്ട് എന്നീ മേഖലകളിൽ ജിയോ സ്‌പേസ്‌ഫൈബർ നിലവിൽ ലഭ്യമാണ്.
കോടിക്കണക്കിന് ഉപഭോക്താക്കളിലേക്കും ദശലക്ഷക്കണക്കിന് വീടുകളിലേക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആദ്യമായി എത്തിക്കാൻ ജിയോ സർവീസിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ജിയോ സ്‌പേസ്‌ഫൈബർ വരുന്നതോടെ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കാത്ത അനേകം കുടുംബങ്ങളുടെ പ്രയാസത്തിന് പരിഹാരമാകും. ഡിജിറ്റൽ സമൂഹത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഇക്കാലത്ത് രാജ്യത്തെവിടെയും താമസിക്കുന്നവർക്ക് ഇന്റർനെറ്റ് ആക്‌സസ് ലഭിക്കുന്നതിനും സർക്കാർ, വിദ്യാഭ്യാസ, ആരോഗ്യ, എന്റർടെയ്ൻമെന്റ് സർവീസുകൾ ഓൺലൈനായി ലഭിക്കുന്നതിനും ജിയോ സ്‌ഫേസ്‌ഫൈബർ സസഹായിക്കുമെന്ന് റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പ്രതികരിച്ചു. രണ്ട് തരം ബ്രോഡ്ബാൻഡ് സർവീസുകളാണ് ജിയോ സ്‌പേസ്‌ഫൈബർ ഒരുക്കുന്നത്. ജിയോ ഫൈബർ, ജിയോഎയർഫൈബർ എന്നിവയാണത്.