ചെന്നൈ: കേരളത്തിലേക്ക് മൂന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ വന്ദേഭാരത് എക്‌സ്പ്രസ്. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുക. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുമാകും വന്ദേഭാരത് സർവീസ് നടത്തുക.
മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സർവീസുകൾ നടത്താനാണ് ദക്ഷിണ റെയിൽവേയുടെ നീക്കം. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം എന്നിങ്ങനെ എട്ട് സർവീസുകൾ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബെംഗളൂരുവിൽ എത്തും. ശേഷം ഇവിടെ നിന്നും നാലരയ്‌ക്ക് പുറപ്പെടും. ഉച്ചയ്‌ക്ക് ഒന്നരയോടെ ഇത് എറണാകുളത്ത് എത്തും. തിരിച്ചും ഈ വിധത്തിൽ തന്നെയാകും സർവീസ് നടത്തുക. വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
എട്ട് കോച്ചുകളാകും ഇതിൽ ഉണ്ടാകുക. 530 സീറ്റുകളാണ് ട്രെയിനിൽ ഉള്ളത്.ഇതിൽ 52 സീറ്റുകൾ എക്‌സിക്യൂട്ടീവ് സീറ്റുകളാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദീപാവലിയോട് അനുബന്ധിച്ചാണ് സ്‌പെഷ്യൽ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചത്.















