ഛണ്ഡിഗഡ്: ഹരിയാനയിലെ പത്ത് റെയിൽവേ സ്റ്റേഷനുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ലഷ്‌കർ-ഇ-ത്വയ്ബ കമാൻഡറായ കരീം അൻസാരിയുടെ പേരിലാണ് ഭീഷണി എത്തിയിരിക്കുന്നത്. നവംബർ 13ന് സ്‌ഫോടനം നടത്തുമെന്നാണ് ലഷ്‌കർ ഭീഷണി. ഒക്ടോബർ 26ന് ജഗധ്രി റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ആർപിഎഫിന് ഭീഷണി സന്ദേശം ലഭിച്ചത്.
ഹരിയാനയിലെ റെയിൽവേ സ്‌റ്റേഷനുകൾ കൂടാതെ ജഗധാരിയിലെ വൈദ്യുത പ്ലാന്റും ബോംബിട്ട് തകർക്കുമെന്ന് ഭീഷണിയുണ്ട്. നവംബർ 15ന് റെയിൽവേയുടെ കോച്ച് ഫാക്ടറി, ക്ഷേത്രങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശം. ജമ്മുകശ്മീരിൽ ജിഹാദികളെ വധിച്ചതിനുള്ള പ്രതികാരമായാണ് വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്തുന്നതെന്നും കത്തിൽ പറയുന്നു.
ഹരിയാനയിലെ അംബാല കാണ്ഡ്, പാനിപ്പത്ത്, കർണാൾ, സോനിപത്ത്, ഛണ്ഡിഗഡ്, ഭിവാനി, മീററ്റ്, ഗാസിയാബാദ് എന്നീ സ്റ്റേഷനുകളിൽ നവംബർ 13ന് ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് ഭീഷണി. ഹിന്ദിയിലായിരുന്നു കത്തിലെ സന്ദേശം. ഇത്തവണത്തെ ദീപാവലി ദിനത്തിൽ ഹരിയാനയെ ചുവപ്പിൽ മുക്കുമെന്നും കത്തിൽ പരാമർശമുണ്ട്. ഭീഷണിയെ തുടർന്ന് പ്രസ്തുത സ്റ്റേഷനുകളിൽ നിരീക്ഷണവും ആർപിഎഫിന്റെ നേതൃത്വത്തിൽ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.