തിരുവനന്തപുരം: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ വിക്രം ചന്ദ്രനിലിറങ്ങിയപ്പോൾ ചന്ദ്രോപരിതലത്തിൽ നിന്നും പറന്നു പൊങ്ങിയ പൊടി പടലങ്ങളുടെ ഭാരം ലാൻഡറിന്റെ മൊത്തം ഭാരത്തേക്കാൾ കൂടുതലെന്ന് പഠനം. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകർഷണവും താരതമ്യേന ശൂന്യമായ അന്തരീക്ഷം എന്നിവ മൂലമാണ് പൊടിപടലങ്ങൾ ഉയർന്നു പൊങ്ങിയത്. ഏകദേശം 2.06 ടൺ മണ്ണ് ആണ് ഉയർന്നതെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിംഗിന്റെ ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിൽ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 23-ന് ആണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയിന്റിൽ വിക്രം സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത്. 1,752 കിലോഗ്രാം ഭാരമാണ് ലാൻഡറിന് ഉണ്ടായിരുന്നത്. സെക്കൻഡിൽ ഏകദേശം രണ്ട് മീറ്റർ വേഗതയിലാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ലാൻഡിംഗിന് തൊട്ടു മുമ്പ് വരെയും രണ്ട് ത്രസ്റ്റർ എഞ്ചിനുകൾ പ്രവർത്തിച്ചിരുന്നു. ഇവയുടെ പ്രവർത്തനവും ശക്തിയേറിയ ലാൻഡിംഗും മൂലമാണ് ചന്ദ്രോപരിതലത്തിലെ മണ്ണ് ഉയർന്ന് പൊങ്ങിയത്.ഈ വേളയിൽ ചന്ദ്രനിൽ പതിച്ചിരുന്ന സൂര്യ പ്രകാശത്തിന് പ്രതിഫലന വ്യതിയാനവും സംഭവിച്ചതായി പഠനത്തിൽ പറയുന്നു.
ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ചന്ദ്രയാൻ-2 ഓർബിറ്ററിലെ ക്യാമറ ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്നതിന് മുമ്പും ശേഷവുമുള്ള ശിവശക്തി പോയിന്റിലെ ഉയർന്ന റെസല്യൂഷൻ ചിത്രം പകർത്തിയിരുന്നു. ഈ ചിത്രത്തിൽ നിന്നുമാണ് സൂര്യപ്രകാശത്തിന്റെ പ്രതിഫലന വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യേകതകൾ വിദഗ്ധർ വിലയിരുത്തിയത്. പ്രതിഫലന വ്യതിയാനം മൂലം ലാൻഡറിന് ചുറ്റും പ്രകാശം പ്രഭാവലയത്തിന് സമമായി രൂപപ്പെട്ടുവെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ലാൻഡർ ഇറങ്ങിയ പ്രദേശത്തിന്റെ 108.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചിരുന്നു.