തിരുവനന്തപുരം: ഹയർ സെക്കൻഡറി- നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് അഥവാ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ സമയപരിധി നീട്ടി. നവംബർ അഞ്ച് വൈകിട്ട് അഞ്ച് മണി വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനാകും. ഓൺലൈൻ രജിസ്‌ട്രേഷനിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനായി എട്ട്, ഒമ്പത്, പത്ത് തീയതികളിൽ സാധിക്കും.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബിഎഡുമാണ് യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരെ ബിഎഡ് വേണമെന്ന നിബന്ധനകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ്‌സി, എസ്ടി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും പിഡബ്ല്യൂഡി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ജനറൽ, ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പരീക്ഷാ ഫീസ് ഇനത്തിൽ 1,000 രൂപയും എസ് സി, എസ്ടി, പിഡബ്ല്യൂഡി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് 500 രൂപയുമാണ് ഓൺലൈൻ മുഖേന അടയ്‌ക്കേണ്ടത്.