ന്യൂഡൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകൻ ശ്രീ. ആര്‍ ഹരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ. ആര്‍എസ്എസിന് കേരളത്തിൽ വേരോട്ടം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് വിട പറയുന്നത്. ഏഴര പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ സംഘ പ്രവർത്തനം എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.
ആര്‍എസ്എസിന്‍റെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്നു ശ്രീ. ആര്‍ ഹരി. എഴുത്തുകാരൻ, സാമൂഹ്യ പ്രവര്‍ത്തകൻ, പ്രഭാഷകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പൊതുമണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ സമാനതകൾ ഇല്ലാത്തതാണ്. സംഘടനാപരമായും വ്യക്തിപരമായും വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നും വി. മുരളീധരൻ അനുസ്മരിച്ചു.
മുതിർന്ന ആർഎസ്എസ് പ്രചാരകനായിരുന്ന ആർ.ഹരി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്തരിച്ചത്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന അദ്ദേഹം ആർഎസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്നു.
1930ൽ എറണാകുളത്തായിരുന്നു ജനനം. കോളേജ് കാലഘത്തിൽ തന്നെ ആർഎസ്എസിന്റെ ഭാഗമായി മാറിയ ആർ. ഹരി പിന്നീട് മുഴുവൻ സമയ പ്രവർത്തകനായി. തൃശൂർ, പാലക്കാട്, തിരുവനന്തപുരം, എറണാകുളം നഗരങ്ങൾ കേന്ദ്രമാക്കി പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ കേരളത്തിൽ കെ. ഭാസ്‌കർ റാവു, പി. മാധവ്ജി എന്നിവർക്കൊപ്പം ആർഎസ്എസിന്റെ രഹസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തരാവസ്ഥയ്‌ക്കെതിരെ ആർഎസ്എസ് പ്രചരിപ്പിച്ചിരുന്ന രഹസ്യ ലേഖനങ്ങളായ കുരുക്ഷേത്രയുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം. വളരെ കാലം ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനായും പ്രവർത്തിച്ചിരുന്നു.