തിരുവനന്തപുരം: ആർഎസ്എസിന്റെ മുതിർന്ന പ്രചാരകൻ ആർ. ഹരിയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ആർഎസ്എസിന്റെ വളർച്ചയ്‌ക്ക് വേണ്ടി ആയുഷ്കാലം മുഴുവൻ ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ആർ. ഹരിയെന്ന് സുരേന്ദ്രൻ അനുസ്മരിച്ചു. വിവിധ ഭാഷകളിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമായിരുന്നു ഹരിയേട്ടൻ എന്ന വ്യക്തിത്വം. എല്ലാവരോടും സരസമായി മാത്രം പെരുമാറിയിരുന്ന വ്യക്തി. മരണം മുന്നിലെത്തിയപ്പോഴും ആശയം മുറുകെപ്പിടിച്ച അദ്ദേഹം പൊതുപ്രവർത്തകർക്ക് വലിയൊരു മാതൃകയാണ്. ദേശീയ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് ഹരിയേട്ടന്റെ വിയോഗമെന്നും സുരേന്ദ്രൻ പറഞ്ഞു.
മുതിര്‍ന്ന പ്രചാരകൻ ആര്‍. ഹരിയുടെ വിയോഗത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനും അനുശോചിച്ചു. ഏഴര പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ സംഘ പ്രവർത്തനം എക്കാലവും ഓർമ്മിക്കപ്പെടും. ആര്‍എസ്എസിന് കേരളത്തിൽ വേരോട്ടം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് വിട പറയുന്നത്. ആര്‍എസ്എസിന്‍റെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്നു ശ്രീ. ആര്‍ ഹരി. എഴുത്തുകാരൻ, സാമൂഹ്യ പ്രവര്‍ത്തകൻ, പ്രഭാഷകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പൊതുമണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ സമാനതകൾ ഇല്ലാത്തതാണ്. സംഘടനാപരമായും വ്യക്തിപരമായും വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നും വി. മുരളീധരൻ അനുസ്മരിച്ചു.















